ബെംഗളൂരു: വെള്ളം ചോദിച്ചിട്ട് നല്‍കാതിരുന്നതിന് ചപ്പാത്തിക്കോലുകൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ യുവാവുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വീണതാണെന്ന് പ്രതി ഡോക്ടര്‍മാരോട് പറഞ്ഞത് എന്നാല്‍ മരിക്കുന്നതിന് മുമ്പ്, താന്‍ ആക്രമിക്കപ്പെട്ട വിവരം യുവതി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ചൊക്കസന്ദ്ര നിവാസികളായ പ്രീതി സിങ് (28), ഭര്‍ത്താവ് ചോട്ടാ ലാല്‍ സിങ് (32) എന്നിവര്‍ മധ്യപ്രദേശ് സ്വദേശികളാണ്. ഇവര്‍ ബെംഗളൂരുവിലെ ഫാക്ടറികളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

സെപ്റ്റംബര്‍ 24-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പ്രീതി വീട്ടിലെത്തിയപ്പോള്‍ ചോട്ടാ ലാല്‍ വെള്ളം ആവശ്യപ്പെട്ടു. പ്രീതി വെള്ളം നല്‍കാന്‍ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ വഴക്കിട്ട ചോട്ടാ ലാല്‍ ചപ്പാത്തി പരത്തുന്ന കോല്‍ ഉപയോഗിച്ച് അവരുടെ തലയിലും ശരീരത്തും തുടര്‍ച്ചയായി അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രീതിയെ ദാസറഹള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ഭാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് വീണതാണെന്ന് ഇയാള്‍ ഡോക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പ്രീതിക്ക് പിന്നീട് ബോധം തിരിച്ചുകിട്ടുകയും അവര്‍ ഡോക്ടറോട് സംഭവം വിവരിക്കുകയും ചെയ്തു.

ചികിത്സാ കാലയളവില്‍ ഭൂരിഭാഗം സമയവും പ്രീതി അബോധാവസ്ഥയിലായിരുന്നുവെന്നും ഒന്നോ രണ്ടോ തവണ മാത്രമാണ് ബോധം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് ചോട്ടാ ലാല്‍ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടാകാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.