ലഖ്‌നൗ: യുപിയില്‍ ഓടുന്ന കാറില്‍ 18 വയസുകാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ലളിത്പുര്‍ ജില്ലയിലെ ബന്‍സിയിലാണ് സംഭവം. കേസില്‍ വിദ്യാര്‍ഥിനിയുടെ സുഹൃത്തായ നിതിന്‍ താക്കൂര്‍ (22) എന്നയാളെയും മറ്റൊരാളെയും പൊലീസ് അറസ്റ്റു ചെയ്തു.

ഒക്ടോബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം. നിതിന്‍ താക്കൂറും വിദ്യാര്‍ഥിനിയും തമ്മില്‍ രണ്ടര മാസമായി ഫോണിലൂടെ ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്‍സി ടൗണില്‍ നിന്നു വീട്ടിലേക്കു നടന്നുവരികയായിരുന്നു വിദ്യാര്‍ഥിനി. കാറിലെത്തിയ നിതിന്‍ ആവശ്യപ്പെട്ടതു പ്രകാരം വിദ്യാര്‍ഥിനി വാഹനത്തില്‍ കയറി. ഇയാളുടെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. തുടര്‍ന്ന് കാര്‍ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി ഇരുവരും ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. സംഭവം വിശദമായി അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു.