ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്ന് ബി.സി.സി.ഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവിലെ ക്രിക്കറ്റ് ടീം ബി.സി.സി.ഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ റീപക് കന്‍സാലി എന്നയാളാണ് കോടതിയെ സമീപിച്ചത്.

ബി.സി.സി.ഐ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെതിട്ടുള്ള സ്വകാര്യ സ്ഥാപനമാണ്. ബി.സി.സിയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും സാമ്പത്തികമായി പിന്തുണക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തിലൂടെ മറുപടി നില്കിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും കായിക ടീമുണ്ടോ എന്ന് വ്യക്തമാക്കാന്‍ ഹരജിക്കാരനോട് ആവശ്യപ്പെട്ട കോടതി കോമണ്‍വെല്‍ത്ത് ഗെയിംസ്, ഒളിമ്പിക്‌സ് തുടങ്ങിയ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്ന ടീമുകളെ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമാണോ തെരഞ്ഞെടുക്കുന്നതെന്നും ചോദിച്ചു. ഇന്ത്യന്‍ പതാക ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം അത് നിയമലംഘനമാണെന്ന് പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി.