- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രവൃത്തികള്‍ ആക്ടിങ് പ്രധാനമന്ത്രിയുടേത് പോലെ; അമിത് ഷാ ഒരുനാള്‍ മോദിയുടെ 'മിര്‍ ജാഫറായി' മാറിയേക്കാം'; നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികള്‍ ആക്ടിങ് പ്രധാനമന്ത്രിയുടേത് പോലെയാണെന്നും നരേന്ദ്ര മോദി സൂക്ഷിക്കണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഷായില്‍ അമിതമായി വിശ്വാസമര്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നതായി മമത പറഞ്ഞു. അമിത് ഷാ ഒരുനാള്‍ മോദിയുടെ 'മിര്‍ ജാഫറായി' മാറിയേക്കാമെന്ന് അവര്‍ മുന്നറിയിപ്പും നല്‍കി
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി ഉന്നത നേതൃത്വം സ്വാധീനിക്കുകയാണെന്നും മമത ആരോപിച്ചു.
''അവരുടെ നേതാവ് ഇവിടെ വന്ന് ബംഗാളിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ലക്ഷക്കണക്കിന് പേരുകള്‍ നീക്കം ചെയ്യുമെന്ന് പറയുന്നു. പറയൂ, നമ്മള്‍ ഇപ്പോള്‍ പ്രകൃതിദുരന്തങ്ങള്‍, കനത്ത മഴ, ഉത്സവങ്ങള്‍ എന്നിവയുടെയെല്ലാം നടുവിലാണ്. നിലവിലെ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പുതുക്കല്‍ പൂര്‍ത്തിയാക്കാനും പുതിയ പേരുകള്‍ അപ്ലോഡ് ചെയ്യാനും കഴിയുമോ?''
''തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണോ അതോ ജനങ്ങളുടെ ജനാധിപത്യ, പൗരാവകാശങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ചാണോ പ്രവര്‍ത്തിക്കേണ്ടത്. ഇതെല്ലാം അമിത് ഷായുടെ കളിയാണ്. അദ്ദേഹം ഈ രാജ്യത്തിന്റെ ആക്ടിങ് പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്. എന്നാല്‍ ഖേദത്തോടെ പറയട്ടെ, പ്രധാനമന്ത്രിക്ക് എല്ലാം അറിയാം.''
''അമിത് ഷായെ എപ്പോഴും വിശ്വസിക്കരുതെന്ന് ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാം. ഒരുനാള്‍, അദ്ദേഹം നിങ്ങളുടെ ഏറ്റവും വലിയ മിര്‍ ജാഫറായി മാറും. കരുതിയിരിക്കുക, കാരണം പ്രഭാതം ദിവസത്തിന്റെ തുടക്കമാണ്.'' അവര്‍ പറഞ്ഞു.