ഷിംല: ബലാത്സംഗ കേസില്‍ ഹിമാചല്‍ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ അറസ്റ്റില്‍. 25കാരിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആയുര്‍വേദ ഡോക്ടറായ രാംകുമാര്‍ (81) ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുക ആയിരുന്നു. രാംകുമാറിന്റെ അടുത്ത് പരിശോധനയ്‌ക്കെത്തിയ യുവതിയുടെ കൈകളില്‍ അദ്ദേഹം സ്പര്‍ശിച്ച ശേഷം ലൈംഗിക പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചു.

സ്ത്രീ തന്റെ അസുഖം വിശദീകരിച്ചപ്പോള്‍, നൂറു ശതമാനം സുഖപ്പെടുത്താമെന്ന് ഉറപ്പ് നല്‍കി. പരിശോധനയ്ക്കിടെ, പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നിരസിച്ചു. എന്നാല്‍, പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. യുവതിയുടെ ബഹളം കേട്ട് ആളുകള്‍ വന്നതോടെ പ്രതി ഓടി രക്ഷപ്പെടുക ആയിരുന്നു. തുടര്‍ന്ന് പൊലീസിനെ സമീപിച്ച യുവതി രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു. വിഷയത്തില്‍ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.