കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പോലീസിന് എപ്പോഴും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പാര്‍ട്ടി എംപിയും സമാനമായ പരാമര്‍ശം നടത്തിയത്.

'ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും സ്ത്രീകള്‍ക്ക് ഉയര്‍ന്ന സുരക്ഷ ബംഗാളില്‍ ഉണ്ട്... എന്നാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളേജ് വിട്ട് പുറത്തിറങ്ങരുത്. പോലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല''-സൗഗത് റോയ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ റോഡുകളിലും പോലീസിനെ വിന്യസിക്കാന്‍ സാധിച്ചേക്കില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാത്രി 12.30-ന് പെണ്‍കുട്ടി എങ്ങനെ പുറത്തെത്തിയെന്ന് ചോദിച്ച മമത, വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളേജിനാണെന്നും പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഒഡിഷ സ്വദേശിനിയുമായ 23-കാരിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാനായി പോയതായിരുന്നു 23-കാരി. ഇതിനിടെ ഒരു സംഘമാളുകള്‍ യുവതിയെ പിന്തുടര്‍ന്നു. ഭയന്നുപോയ യുവതിയുടെ സുഹൃത്ത് പ്രദേശം വിട്ടു. യുവതി രക്ഷപ്പെടാനുളള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 23-കാരിയെ പിന്തുടര്‍ന്നവര്‍ സമീപത്തുള്ള ഒരു വനപ്രദേശത്ത് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്.