ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടി.വി.കെ) പാര്‍ട്ടി നേതാവുമായ വിജയ് എന്‍ഡിഎയില്‍ ചേരാന്‍ സമ്മതിച്ചാല്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് എ.എം.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍. എന്നാല്‍ സഖ്യവുമായുള്ള ബാന്ധവത്തിന് വിജയ് തയാറാകുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കാരണം ആരുമായി സഖ്യത്തിലായാലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി തന്റെ പാര്‍ട്ടിയില്‍ നിന്നാവണമെന്നാണ് വിജയ് യുടെ താല്‍പര്യം.

തമിഴ് സിനിമയിലെ താരരാജാവാണ് വിജയ്. അദ്ദേഹം പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ദിനകരന്‍ ചോദിച്ചു. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെ സജീവമായി നിലനിര്‍ത്താനാണ് ഈ ചര്‍ച്ചയുടെ ലക്ഷ്യം. നിര്‍ണായക നിമിഷങ്ങളില്‍ സഖ്യം ഉപേക്ഷിക്കുന്നതില്‍ മിടുക്കനാണ് ഇ.പി.എസ് എന്നും ദിനകരന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എന്‍.ഡി.എയുമായുള്ള ബന്ധം വിട്ടതിനെയാണ് പരാമര്‍ശിച്ചത്.

''സഖ്യം രൂപീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിര്‍ണായക തെരഞ്ഞെടുപ്പിനിടെ രാജിവെക്കുകയും പിന്നീട് സഖ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുകയും ചെയ്യുന്നത് കാപട്യമാണ്. നാമക്കലിലെ കൊമരപാളയത്തില്‍ നിന്നുള്ള ഒരു വിഡിയോയില്‍ എ.ഐ.എ.ഡി.എം.കെ ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ ടി.വി.കെ, ഡി.എം.ഡി.കെ പതാകകള്‍ വീശുന്നതായി കാണിച്ചിരിക്കുന്നു. എ.ഐ.എ.ഡി.എം.കെ-ടി.വി.കെ സഖ്യമുണ്ടാക്കാന്‍ പോവുകയാണെന്ന ചര്‍ച്ചക്ക് ആക്കം കൂട്ടാനുള്ള ശ്രമമാണിത്''-ദിനകരന്‍ പറഞ്ഞു.