ന്യൂഡല്‍ഹി: ഗസ്സയില്‍ രണ്ട് വര്‍ഷത്തിലേറെ തടവിലായിരുന്ന ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 'കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി തടവിലായിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങള്‍ക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തിനും ഉള്ള ആദരസൂചകമാണിത്. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

രണ്ട് വര്‍ഷത്തിലേറെ തടവിലായിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവരുടെ മോചനം അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിന്റെയും സമാധാനത്തിനായുള്ള പ്രസിഡന്റ് ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളുടെയും പ്രധാനമന്ത്രി നെതന്യാഹുവിന്റെ ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു- മോദി എക്‌സില്‍ കുറിച്ചു. ഹീബ്രു ഭാഷയിലായിരുന്നു മോദിയുടെ കുറിപ്പ്.

ഗസ്സയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു. ഇനിയുള്ള കാലമത്രയും പ്രതീക്ഷകളുടേതും സമാധാനത്തിന്റേതുമാണെന്ന് പറഞ്ഞ ട്രംപ്, കാലങ്ങളായി നിലനില്‍ക്കുന്ന നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും യുദ്ധങ്ങള്‍ അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയ്ക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. ഗസ്സയിലുള്ളവര്‍ ഇനി സമാധാനത്തില്‍ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞു.

വരും ദിവസങ്ങള്‍ സമാധാനത്തിന്റേത് എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത് . ''ഒക്ടോബര്‍ 7 ന് ഇസ്രയേലിനെ ആക്രമിച്ചത് ഒരു വലിയ തെറ്റായിരുന്നു. ഇസ്രയേല്‍ എത്ര ശക്തവും ദൃഢനിശ്ചയമുള്ളതുമാണെന്ന് നമ്മുടെ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായി'' ഒക്ടോബര്‍ 7 ലെ ആക്രമണത്തെത്തുടര്‍ന്ന് ഹമാസിനെതിരെ ആരംഭിച്ച സൈനിക ആക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.

അതേസമയം, ഗസ്സയില്‍ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറി. രണ്ടായിരത്തോളം വരുന്ന പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ബന്ദിമോചനത്തില്‍ വലിയ ആഹ്ലാദ പ്രകടനത്തിനാണ് ടെല്‍ അവീവ് സാക്ഷ്യം വഹിച്ചത്. ഇരുട്ടറയിലെ 737 ദിവസത്തെ ദുരിത ജീവിതത്തിനൊടുവിലാണ് പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള ബന്ദികളുടെ ഈ മടക്കം.