- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം
കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. കുപ്വാരയിലെ മച്ചില്‍, ദുദ്നിയാല്‍ സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.
മച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.രണ്ട് സ്ഥലങ്ങളിലും വെടിവയ്പ്പും സ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ സൈന്യം തടഞ്ഞതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, മറ്റൊരു സംഭവത്തില്‍ ദുദ്നിയാല്‍ സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് സംഭവങ്ങളും ഒരേദിവസം നടന്നതിനാല്‍ സംഘടിതമായി ഏകോപിപ്പിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമമാണോയെന്ന് സൈന്യം സംശയിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും അതിര്‍ത്തിക്കപ്പുറത്ത് ഭീകരരുടെ സാന്നിധ്യം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെയും പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് ഈ സംഭവങ്ങള്‍. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.