ഡാര്‍ജിലിങ്: കനത്ത വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലും പെട്ട് അമ്മയാനയില്‍ നിന്നും വേര്‍പെട്ടുപോയ കുട്ടി ആനയ്ക്ക് താങ്ങായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയാനയുടെ ജീവന്‍ രക്ഷിച്ചത്. അലിപുര്‍ദുവാറിലെ ജല്‍ദാപാറ വന്യജീവി സങ്കേതത്തില്‍ കനത്ത വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലും നദിയില്‍ വലയുന്ന അവസ്ഥയിലാണ് കുട്ടിയാനയെ ഇവര്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ് ഡിവിഷനിലെ മേച്ചി നദിയില്‍ നിന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ശേഷം ഒക്ടോബര്‍ 8 ന് ജല്‍ദാപാരയിലെ ഹോളോങ് പില്‍ഖാനയിലേക്ക് കൊണ്ടുവന്നു. ആനയെ പിക്കപ്പില്‍ കയറ്റിയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്.

ആനക്കുട്ടിയെ അമ്മയുമായി ഒന്നിപ്പിക്കാനുള്ള പ്രാരംഭ ശ്രമത്തിന്റെ ഭാഗമായി കൊളബാരി വനത്തിലേക്ക് വിട്ടയച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തിയിട്ടും, ആനക്കുട്ടിക്ക് കൂട്ടത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല, മാത്രമല്ല ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നത് തുടര്‍ന്നു. പിന്നാലെ ആനയുടെ പ്രായവും ദുര്‍ബലതയും കണക്കിലെടുത്ത്, വിദഗ്ദ്ധ പരിചരണത്തിനായി ജല്‍ദാപാറയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ബംഗാളില്‍ നിന്നമുള്ള ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാനാണ് കുട്ടിയാനയുടെ വിഡിയോ പങ്കുവച്ചത്.