റാഞ്ചി: ഝാര്‍ഖണ്ഡില്‍ സസ്യാഹാരിയായ ഉപഭോക്താവിന് നോണ്‍-വെജ് ബിരിയാണി നല്‍കിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ വെടിവെച്ചുകൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെ-പിത്തോറിയ റോഡിലുള്ള ഹോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഹോട്ടലുടമയായ വിജയ് കുമാര്‍ നാഗ് (47) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമി സംഘത്തിലെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വെടിയുണ്ട നാഗിന്റെ നെഞ്ചില്‍ തറച്ചാണ് മരണം സംഭവിച്ചത്.

ഹോട്ടലില്‍ നിന്ന് വെജിറ്റബിള്‍ ബിരിയാണി ആവശ്യപ്പെട്ട് ഒരാള്‍ പാഴ്‌സല്‍ വാങ്ങിപ്പോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മറ്റ് ചിലര്‍ക്കൊപ്പം തിരിച്ചെത്തി തനിക്ക് വെജിറ്റബിള്‍ ബിരിയാണിയ്ക്ക് പകരം നോണ്‍-വെജ് ബിരിയാണിയാണ് നല്‍കിയതെന്ന് പരാതിപ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നതെന്ന് റൂറല്‍ പോലീസ് സൂപ്രണ്ട് പ്രവീണ്‍ പുഷ്‌കര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പ്രതികള്‍ക്കായി വ്യാപകതിരച്ചില്‍ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. നാട്ടുകാര്‍ കാങ്കെ-പിത്തോറിയ റോഡ് കുറച്ച് നേരം തടഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപരോധം പിന്നീട് പിന്‍വലിച്ചു. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.