കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലെ പടക്ക മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. 65 ലധികം കടകളും നിരവധി ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് മാര്‍ക്കറ്റിലെ ഒരു പടക്ക കടയില്‍ തീപിടിത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ അടുത്തുള്ള മറ്റു പടക്ക കടകളിലേക്ക് തീപടരുകയും വലിയ സ്‌ഫോടനത്തോടെ തീ ആളിക്കത്തുകയും ചെയ്തു. പിന്നാലെ അഗ്‌നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് നിന്നും 200 മീറ്റര്‍ മാത്രം അകലെ അഗ്‌നിരക്ഷാ കേന്ദ്രം ഉണ്ടായിട്ടും ഏകദേശം 20 മിനിറ്റിന് ശേഷമാണ് സംഘം സ്ഥലത്തെത്തിയതെന്ന് കച്ചവടക്കാരും കടയുടമകളും ആരോപിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.