- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂരില്‍ നിന്ന് വിനോദയാത്ര സംഘത്തിനൊപ്പമെത്തി; കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു
ചെന്നൈ: കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ഒടുവില്‍ മൃതദേഹം കണ്ടെടുത്തു. കോയമ്പത്തൂര്‍ സ്വദേശിയായ നന്ദകുമാര്‍ (21) ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ 11 അംഗ സംഘത്തിലെ അംഗമായിരുന്നു നന്ദകുമാറെന്ന് പോലീസ് പറഞ്ഞു.
കാണതായി മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദകുമാര്‍ അഞ്ചുവീട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. കൊടൈക്കനാലിലെ അഞ്ചുവീട് വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ അഞ്ചുപേര്‍ അപകടസാധ്യത അവഗണിച്ച് കുളിക്കാനിറങ്ങുകയായിരുന്നു.
ഈ വെള്ളച്ചാട്ടം പ്രകൃതിഭംഗിക്ക് പേരുകേട്ടതാണെങ്കിലും, മഴക്കാലത്ത് അതീവ അപകടകാരിയാണ്. യാത്രക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ള വ്യൂപോയിന്റുകളില്‍ നിന്ന് മാറിപ്പോകരുതെന്നും വെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ അപകടസാധ്യത അവഗണിച്ചാണ് നന്ദകുമാര്‍ ഉള്‍പ്പെടെ സംഘത്തിലെ അഞ്ചുപേര്‍ അരുവിയില്‍ കുളിക്കാനായി ഇറങ്ങിയത്. കനത്ത മഴയുള്ള സമയത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. ശക്തമായ ഒഴുക്കില്‍ നന്ദകുമാര്‍ ഒഴുകിപോയി.
മോശം കാലാവസ്ഥയും വഴുവഴുപ്പുള്ള ഭൂപ്രദേശവും അവഗണിച്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൂന്നുദിവസം നടത്തിയ വിപുലമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളച്ചാട്ടത്തിന് താഴെയായി ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് നന്ദകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.