ബംഗളൂരു: വിവാഹേതര ബന്ധം ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ 27 കാരനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ് മര്‍ദനമേറ്റ് മരിച്ചത്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ രണ്ട്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ വിഷ്ണുവുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയുടെ കുടുംബാംഗങ്ങളാണ്.

വിഷ്ണുവിനെ പൊലീസ് കണ്ടെത്തുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നുവെന്നാണ് ബിദാറിലെ ചിന്തകി ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാമത്തില്‍ ഒരാളെ കെട്ടിയിട്ട് ആക്രമിച്ച വിവരം ലഭിച്ച് പൊലീസ് അവിടെയത്തുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ സാരമായ പരിക്കുകളോടെ അര്‍ദ്ധബോധാവസ്ഥയില്‍ വിഷ്ണുവിനെ കണ്ടെത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ആദ്യം ചിന്തകി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ബിദാര്‍ ബ്രിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു.

തന്റെ മകന്‍ വിവാഹിതയും കുട്ടികളുമുള്ള പൂജ എന്ന സ്ത്രീയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു എന്ന് വിഷ്ണുവിന്റെ മാതാവ് ലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം താമസിക്കുകയായിരുന്നു പൂജ. കുടുംബത്തിനും ഇക്കാര്യം അറിയാമായിരുന്നു എന്ന് ലക്ഷ്മി പറഞ്ഞു. മൂന്ന് മാസം മുമ്പ് പൂജ നാഗനപ്പള്ളിയിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

ചൊവ്വാഴ്ച വിഷ്ണു പൂജയെ കാണാന്‍ രണ്ട് പരിചയക്കാരോടൊപ്പം നാഗനപ്പള്ളിയില്‍ പോയിരുന്നു. ഹനുമാന്‍ ക്ഷേത്രത്തില്‍ വെച്ച് പൂജയുടെ പിതാവും സഹോദരനും ചേര്‍ന്ന് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. തൂണില്‍ കെട്ടിയിട്ട വിഷ്ണുവിനെ പൂജയുടെ പിതാവും സഹോദരനും ചേര്‍ന്ന് മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. യുവാവ് സഹായത്തിന് വേണ്ടി കേണപേക്ഷിക്കുന്നുണ്ടെങ്കിലും ആരും സഹായിക്കുന്നില്ല. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.