- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛഠ് പൂജയില്‍ മോദിക്ക് സ്നാനം ചെയ്യാന്‍ വ്യാജ യമുനാനദി നിര്‍മ്മിച്ചു; ഭക്തര്‍ക്ക് മലിനമായ നദി; പൂര്‍വാഞ്ചലികളുടെ ജീവിതം കൊണ്ടാണ് ബിജെപി കളിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ഛഠ് പൂജയില്‍ സ്നാനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം. നാളെ ഛഠ് പൂജയ്ക്കായി പ്രധാനമന്ത്രി എത്താനിരിക്കെയാണ് ആം ആദ്മി പാര്‍ട്ടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആരോപിച്ചത്.
മോദിക്ക് സ്നാനം ചെയ്യുന്നതിനായി യമുനയോട് ചേര്‍ന്ന് പ്രത്യേകം കുളം നിര്‍മ്മിച്ചുവെന്നും ശുദ്ധീകരിച്ച വെള്ളം പുറത്തുനിന്ന് കൊണ്ടുവന്ന് ഇതില്‍ നിറച്ചെന്നുമാണ് ആരോപണം.
'ബീഹാറില്‍ അധികാരം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തില്‍ ഡല്‍ഹിയിലെ ലക്ഷക്കണക്കിന് പൂര്‍വാഞ്ചലികളുടെ ജീവിതം കൊണ്ടാണ് ബിജെപി കളിക്കുന്നത്. മലിനമായ നദിയില്‍ ഭക്തര്‍ക്ക് നില്‍ക്കേണ്ടി വരുമ്പോള്‍ പ്രധാനമന്ത്രി മോദിക്കായി വാസുദേവ് ഘട്ടില്‍ ഫില്‍ട്ടര്‍ ചെയ്ത വെള്ളം നിറച്ച വ്യാജ യമുന ഘട്ട് നിര്‍മ്മിച്ചിരിക്കുന്നു.യഥാര്‍ത്ഥ നദീജലം പുതിയ കുളത്തില്‍ കലരാതിരിക്കാന്‍ പ്രത്യേക മതില്‍ക്കെട്ടുകളും നിര്‍മിച്ചിട്ടുണ്ട്.
നദിയോട് ചേര്‍ന്ന് പുതിയ പടിക്കെട്ടുകളും തയ്യാറാക്കി. മാലിന്യപ്രശ്നത്താന്‍ ഉപയോഗശൂന്യമായ നിലയിലാണ് യമുനാ നദിയിപ്പോള്‍. ഡല്‍ഹിയില്‍ കുടിവെള്ളം നല്‍കുന്ന വസീറാബാദിലെ ജലശുദ്ധീകരണ പ്‌ളാന്റില്‍ നിന്ന് ഇവിടേയ്ക്ക് ശുചീകരിച്ച വെള്ളമെത്തിച്ചു. ബിജെപി ഭക്തരെ വിഡ്ഢികളാക്കുകയാണ്' - എഎപി നേതാവ് ആരോപിച്ചു.
അതേസമയം, ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് ബിജെപിയുടെ ആരോപണം. ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള യമുനാ ശുചീകരണത്തെയാണ് എഎപി എതിര്‍ക്കുന്നതെന്നും ബിജെപി പറഞ്ഞു.




