ബെംഗളുരു: ബ്രസീലിയന്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ഡെലിവറി ബോയ് പിടിയില്‍. ബെംഗളുരുവില്‍ മോഡലായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. പലചരക്ക് വിപണന ആപ്പ് ഡെലിവറി ബോയ് ആയ കുമാര്‍ (21)ആണ് അറസ്റ്റിലായത്. ബെംഗളുരുവിലെ സ്വകാര്യ കോളജില്‍ ഡിപ്‌ളോമ വിദ്യാര്‍ഥിയായ യുവാവ് പാര്‍ട് ടൈമായി ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ബെംഗളുരുവില്‍ മോഡലായ യുവതി സഹപ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കൊപ്പം കമ്പനി അനുവദിച്ച അപ്പാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച യുവതി പ്രമുഖ ആപ് മുഖേന പരചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. പിന്നാലെ, സാധനങ്ങളുമായി എത്തിയ ഡെലിവറി എക്‌സിക്യൂട്ടീവായ കുമാര്‍ ഇവരെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുതറിയോടിയ യുവതി ഫ്‌ളാറ്റില്‍ കയറി കതകടച്ചാണ് രക്ഷപ്പെട്ടത്.

സംഭവത്തില്‍ ഭയന്നുപോയ യുവതി വിഷയം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട്, ദിവസങ്ങള്‍ക്ക് ശേഷം ഒപ്പം താമസിക്കുന്ന യുവതികളോട് വിവരം പങ്കിട്ടതോടെ ഇവര്‍ തൊഴിലുടമയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, തൊഴിലുടമയായ കാര്‍ത്തിക് വിനായകിന്റെ പരാതിയില്‍ ആര്‍.ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ് വിദ്യാര്‍ഥിയായ കുമാറിനെ തിരിച്ചറിയുകയായിരുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.