ബംഗളൂരു: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം തട്ടകമായ ഗുര്‍മിത്കല്‍ പട്ടണത്തില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി. വെള്ളിയാഴ്ച നടക്കുന്ന മാര്‍ച്ചിന് പത്ത് നിബന്ധനകളോടെയാണ് യാദ്ഗിര്‍ ജില്ല ഭരണകൂടത്തിന്റെ അനുമതി. ആര്‍.എസ്.എസ് ജില്ല പ്രചാര്‍ പ്രമുഖ് ബസപ്പ സഞ്ജനോള്‍ ഈ മാസം 23ന് അപേക്ഷ നല്‍കിയിരുന്നു. ഖാര്‍ഗെ എട്ടുതവണ എം.എല്‍.എ ആയ മണ്ഡലമാണ് ഗുര്‍മിത്കല്‍.

സാമ്രാട്ട് സര്‍ക്കിള്‍, എ.പി.എം.സി സര്‍ക്കിള്‍, ഹനുമാന്‍ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്റ്റേഷന്‍ റോഡ്, മിലാന്‍ ചൗക്ക്, സിഹിനീരു ബാവി മാര്‍ക്കറ്റ് മെയിന്‍ റോഡ് എന്നീ വഴികളിലൂടെ കടന്നുപോകാനാണ് അനുമതി. പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നാശനഷ്ടം സംഭവിച്ചാല്‍ മുഴുവന്‍ ചെലവും സംഘാടകര്‍ വഹിക്കണം.

ഏതെങ്കിലും ജാതി- മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം. റോഡുകള്‍ തടയരുതെന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നും മാരകായുധങ്ങളോ തോക്കുകളോ കൊണ്ടുപോകരുതെന്നും അനുമതി ഉത്തരവില്‍ പറയുന്നു. മതിയായ സുരക്ഷ ക്രമീകരണം പൊലീസ് ഏര്‍പ്പെടുത്തും. ഈ വ്യവസ്ഥകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി.