ഭോപാല്‍: വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ വെച്ച് അശ്ലീല വിഡിയോകള്‍ കാണിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകനായ രമേന്ദ്ര സിങ് കുശ്വാഹയ്ക്കെതിരെ ദേഹത് പൊലീസ് സ്റ്റേഷനില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്‌കൂളില്‍ വെച്ച് ക്ലാസ് നടക്കുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയത്. ഭയന്നു പോയ കുട്ടികള്‍ വിവിരം രക്ഷിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ പേടിച്ചു പോയ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ഭയമായി. കുട്ടികള്‍ സ്‌കൂളില്‍ പോകാതെ ദിവസങ്ങളോളം വീട്ടിലിരുന്നതോടെ സംശയം തോന്നിയ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടികള്‍ വിവരം പറഞ്ഞത്.

ഉടന്‍ തന്നെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ സമീപിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയത്. പിന്നാലെ ഇദ്ദേഹ്‌ത്തെ അറസ്റ്റ് ചെയ്യുക ആയിരുന്നു. പോക്സോ നിയമം, പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് രമേന്ദ്ര സിങ് കുശ്വാഹയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കുശ്വാഹയെ സസ്‌പെന്‍ഡ് ചെയ്തെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികളുടെ വൈദ്യപരിശോധന നടത്തി. സ്‌കൂള്‍ ജീവനക്കാരില്‍ നിന്നും മാനേജ്മെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് അറിയിച്ചു.