ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി രംഗത്ത്. ഇതുസംബന്ധിച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു. ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ ആണ് കത്തയച്ചത്. സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് ഡല്‍ഹിയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ഇന്ദ്രപ്രസ്ഥ ജംഗ്ഷന്‍ എന്നും വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എയര്‍പോര്‍ട്ട് എന്നുമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ പ്രധാനപ്പെട്ടയിടങ്ങളില്‍ പാണ്ഡവന്‍മാരുടെ പ്രതിമ സ്ഥാപിക്കണമെന്നും ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ ആവശ്യപ്പെട്ടു.

'ഡല്‍ഹിയുടെ ചരിത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളത് മാത്രമല്ല ഇന്ത്യന്‍ നാഗരികതയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത് കൂടിയാണ്. കൂടാതെ പാണ്ഡവര്‍ രൂപംകൊടുത്ത 'ഇന്ദ്രപ്രസ്ഥ' നഗരത്തിന്റെ ഊര്‍ജസ്വലമായ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും കൂടിയാണ്'- എന്നാണ് ബിജെപി എംപി കത്തില്‍ പറയുന്നത്.