ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി ഭര്‍ത്താവ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഭര്‍ത്താവായ രവി ശങ്കറും ഭാര്യ കേശ് കുമാരിയും വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയതായി ലഖ്നൗ പൊലീസ് അറിയിച്ചു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

രവി ശങ്കര്‍ 2012 ഡിസംബറില്‍ അവിവ ഇന്ത്യയില്‍ നിന്ന് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. 2023 ഏപ്രില്‍ 21നാണ് തന്റെ ഭര്‍ത്താവ് മരിച്ചതായി അവകാശപ്പെട്ട് കേശ് കുമാരി ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശം ഉന്നയിച്ചത്.കേശ് കുമാരി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍, ക്ലെയിം അംഗീകരിക്കുകയും ഏപ്രില്‍ 21-ന് ഇന്‍ഷുറന്‍സ് തുക അവരുടെ അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്തു.

അന്വേഷണത്തില്‍ രവി ശങ്കര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.അറസ്റ്റ് ഒഴിവാക്കാന്‍ രവി ശങ്കറും കേശ് കുമാരിയും താമസസ്ഥലം മാറ്റിക്കൊണ്ടിരുന്നു. തിങ്കളാഴ്ച ഇവരെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.