മുംബൈ: ഇന്നലെ നടന്ന മോണോ റെയില്‍ പരീക്ഷണം പാളി. പരീക്ഷണയോട്ടത്തിനിടെ മോണോ റെയില്‍ ട്രാക്കിലെ ബീമില്‍ ഇടിച്ചു കയറുക ആയിരുന്നു. ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എന്‍ജിനീയറെയും അഗ്‌നിരക്ഷാസേന രക്ഷിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്യമായ കേടുപാട് സംഭവിച്ച മുന്നിലെ കോച്ച് ചരിഞ്ഞെങ്കിലും ആര്‍ക്കും പരുക്കില്ല. വഡാല ഡിപ്പോയില്‍ ഇന്നലെ രാവിലെ ഒന്‍പതിനാണു സംഭവം.

തുടര്‍ച്ചയായ അപകടങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും കാരണം മോണോ റെയില്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം യാത്രക്കാര്‍ക്കായുള്ള സര്‍വീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്. അതിനിടെ, സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍വീസ് സജീവമാക്കുന്നതിനു നാലു കോച്ചുകളുള്ള 10 പുതിയ ട്രെയിനുകള്‍ വാങ്ങിയതായി അധികൃതര്‍ അറിയിച്ചു. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയില്‍ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ സര്‍വീസാണ് മുംബൈയിലേത്.