- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഹോസ്റ്റലിന്റെ കുളിമുറിയില്‍ ഒളിക്യാമറ; കാര്യം പറഞ്ഞപ്പോള്‍ നടുക്കം; മറ്റു താമസക്കാര്‍ എത്തും മുമ്പെ ഒളിപ്പിച്ചു; ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ചിട്ടെന്ന് യുവതിയുടെ മൊഴി; പ്രതികള്‍ പിടിയില്‍
ചെന്നൈ:വനിതാ ഹോസ്റ്റലിന്റെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച കേസില്‍ ഹോസ്റ്റലിലെ താമസക്കാരിയായ 22കാരിയും ആണ്‍സുഹൃത്തും പിടിയില്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്തുള്ള ടാറ്റാ ഇലക്ട്രോണിക്സിന്റെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. നാഗമംഗലത്തെ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്ത ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. തന്റെ പുരുഷ സുഹൃത്തായ സന്തോഷിന്റെ (25) പ്രേരണയാലാണ് നീലുകുമാരി ഒളിക്യാമറ സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവം പുറത്തുവന്നതോടെ സ്ഥാപനത്തിലെ നൂറുകണക്കിന് വനിതാ ജീവനക്കാര്‍ പ്രതിഷേധിച്ചു. പൊലീസ് എത്തി ചോദ്യംചെയ്തതോടെ നീലുകുമാരി കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനായ സന്തോഷിന്റെ സമ്മര്‍ദ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്ന് നീലുകുമാരി പൊലീസിനോട് പറഞ്ഞു. ഇന്നലെ ബെംഗളൂരുവിലെ ഉദനപ്പള്ളിയില്‍ നിന്നാണ് പൊലീസ് സംഘം സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ടാറ്റാ കമ്പനിയുടെ 'വിടിയല്‍ റെസിഡന്‍സി' എന്ന ഹോസ്റ്റലിലെ ഒരു ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. 11 നിലകളുള്ള കെട്ടിടത്തിന് എട്ട് ബ്ലോക്കുകളാണുള്ളത്. ഇവിടെ ആറായിരത്തിലധികം സ്ത്രീകള്‍ താമസിക്കുന്നുണ്ട്. നവംബര്‍ 2-നാണ് ഹോസ്റ്റലിലെ ഒരു താമസക്കാരി ഒളി ക്യാമറ കണ്ടതെന്ന് പൊലീസ് സൂപ്രണ്ട് പി. തങ്കദുരൈ പറഞ്ഞു. യുവതി ആദ്യം നീലുകുമാരിയോടാണ് സംഭവം പറഞ്ഞത്. വലിയ നടുക്കം രേഖപ്പെടുത്തിയ നീലുകുമാരി, യുവതി ഹോസ്റ്റലിലെ മറ്റു താമസക്കാരെ വിവരം അറിയിക്കാന്‍ പോയ സമയത്ത് ക്യാമറ ശുചിമുറിയില്‍ നിന്ന് മാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് താമസക്കാര്‍ നീലുകുമാരിക്കെതിരെ കമ്പനിക്ക് പരാതി നല്‍കി. കമ്പനി നീലുകുമാരിയെ താക്കീത് ചെയ്ത് വെറുതെ വിടാന്‍ തീരുമാനിച്ചതോടെ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഇതോടെ പൊലീസില്‍ പരാതി നല്‍കി.
വനിതാ ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, ഹോസൂര്‍ അഡീഷണല്‍ കളക്ടര്‍ ആകൃതി സേഥിയും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി ജീവനക്കാരുമായി ചര്‍ച്ച നടത്തി. സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പു നല്‍കി. ഹോസ്റ്റലില്‍ തടിച്ചുകൂടിയ വനിതാ ജീവനക്കാരുടെ മാതാപിതാക്കളെ പൊലീസ് വളരെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. മറ്റെവിടെയെങ്കിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായി പരിശോധിക്കാന്‍ വനിതാ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.




