ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി കബളിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. റിതല ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടാം വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 60,000 രൂപ വാങ്ങി കബളിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് കുത്തിപരിക്കേല്‍പ്പിച്ചത്. സുഹൃത്തുക്കളില്‍ ഒരാളായ ദീപക് തന്റെ സുഹൃത്തായ ജഗദീഷിന് വിവാഹം ചെയ്യുന്നതിനായി ഒരു യുവതിയെ പരിചയപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വാക്കുപാലിച്ചില്ല. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കത്തിലേക്കെത്തി. തര്‍ക്കം രൂക്ഷമായപ്പോള്‍ ദീപക് ഒരു കത്തി പുറത്തെടുത്ത് ജഗദീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷം, ആത്മ രക്ഷാര്‍ത്ഥം ജഗദീഷ് നെഞ്ചില്‍ നിന്ന് കത്തി ഊരിമാറ്റി ദീപക്കിനെ ആക്രമിച്ചു. പരിക്കേറ്റ ദീപക് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജഗദീഷിനെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വര്‍ഷങ്ങളായി തന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് ജഗദീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്റെ വിവാഹം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്നും പുനര്‍വിവാഹം ചെയ്യാനുള്ള ആഗ്രഹം ദീപക്കിനോട് പറഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഒക്ടോബര്‍ 6ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ ഭാര്യയെ കൊണ്ടാക്കിയ ശേഷം ദീപക്കിനെ കാണാനായി ഇയാള്‍ ഡല്‍ഹിയിലേക്ക് വരികയായിരുന്നു.

വിവാഹം കഴിക്കാന്‍ ഒരു യുവതിയെ കണ്ടെത്താമെന്ന് ദീപക് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെ ദീപക്കിനൊപ്പം ഒരു ദിവസം മുഴുവന്‍ ജഗദീഷ് ചെലവഴിച്ചു. പുനര്‍വിവാഹത്തിന് യുവതിയെ കണ്ടെത്താനായി ദീപക്കിന് 30,000 രൂപ നേരത്തെ നല്‍കിയിരുന്നുവെന്നും ഒക്ടോബര്‍ 7 ന് വൈകുന്നേരം 30,000 രൂപ കൂടി നല്‍കിയിരുന്നുവെന്നും ജഗ്ദീഷ് പൊലീസിനോട് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ രാത്രി യുവതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീപക് ആക്രമിക്കുകയായിരുന്നുവെന്നും ജഗദീഷ് പറയുന്നു. യുവതിയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഞാന്‍ നിന്നെ അവസാനിപ്പിക്കും,ആ സ്ത്രീയെക്കുറിച്ച് മറന്നേക്കൂ' എന്ന് ദീപക് പറഞ്ഞതായും ജഗദീഷിന്റെ മൊഴി.