ബംഗളുരു: ഭരിക്കാനറിയില്ലെങ്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ച് പുറത്തുപോകണമെന്ന് ബി.ജെ.പി നേതാവും നിയമസഭ പ്രതിപക്ഷ നേതാവുമായ ആര്‍. അശോക ആവശ്യപ്പെട്ടു. എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുകയുമാണ് മുഖ്യമന്ത്രിയുടെ പണിയെന്ന് വിമര്‍ശിച്ച അശോക, കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സമൂഹമാധ്യമ പ്ലാറ്റ് ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ പ്രതിപക്ഷ നേതാവ് അശോക് പറഞ്ഞു, 'ഏഴു ദിവസമായി, ആയിരക്കണക്കിന് കരിമ്പ് കര്‍ഷകര്‍ തെരുവിലാണ്, പക്ഷേ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള ഒരേയൊരു പരിഹാരമേയുള്ളൂ.' പ്രതിപക്ഷത്തായിരിക്കുമ്പോള്‍ സിദ്ധരാമയ്യ വലിയ പ്രസംഗങ്ങള്‍ നടത്തിയിരുന്നതായി ചൂണ്ടിക്കാട്ടി, 'എന്നാല്‍ ഇപ്പോള്‍ (മുഖ്യമന്ത്രി എന്ന നിലയില്‍) അദ്ദേഹം ഒഴികഴിവുകള്‍ മറച്ചുവെച്ച് കര്‍ഷകരെ ഉപേക്ഷിക്കുന്നു. നിങ്ങള്‍ക്ക് (സിദ്ധരാമയ്യ) ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, രാജിവെച്ച് സ്ഥാനമൊഴിയുക.'

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, പ്രശ്‌നത്തിന്റെ മൂലകാരണം കേന്ദ്ര നയ നടപടികളിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യായവും ആദായകരവുമായ വില, പഞ്ചസാരക്ക് സ്ഥിരമായ മിനിമം താങ്ങുവില, കയറ്റുമതി നിയന്ത്രണങ്ങള്‍, പഞ്ചസാര അടിസ്ഥാനമാക്കിയുള്ള ഫീഡ്സ്റ്റോക്കില്‍ നിന്നുള്ള എത്തനോള്‍ ഉപയോഗം കുറക്കല്‍. നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തില്‍ നിന്ന് ഉണ്ടാകുന്ന ഗുരുതരമായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ചക്ക് ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരാഴ്ചയായി കരിമ്പുകര്‍ഷകര്‍ കര്‍ണാടകയില്‍ സമരത്തിലാണ്.

അതിനിടെ കരിമ്പ് കര്‍ഷകര്‍ ബംഗളൂരു-പുണെ ദേശീയപാതയില്‍ ഗതാഗതം തടയാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ബെളഗാവി ജില്ലയിലെ മുദ്ലഗി താലൂക്കിലെ ഗുര്‍ലാപൂര്‍ ക്രോസിങ്ങില്‍ ആഴ്ചയിലധികമായി കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിവരികയാണ്. ബെളഗാവി, ബഗല്‍കോട്ട്, വിജയപുര, ഹാവേരി എന്നിവയുള്‍പ്പെടെ വടക്കന്‍ കര്‍ണാടകയിലെ നിരവധി ജില്ലകളിലേക്കും പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, സിദ്ധരാമയ്യ കര്‍ഷക നേതാക്കളുമായും പഞ്ചസാര മില്‍ പ്രതിനിധികളുമായും ഒരു യോഗം വിളിച്ചിരിക്കുകയാണ്.