അഹമ്മദാബാദ്: ജ്വല്ലറി ഉടമയ്ക്കുനേരെ നേരെ മുളകുപൊടി എറിഞ്ഞ് മോഷണ ശ്രമം. ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറിയ കട ഉടമ മോഷ്ടാവിനെ മര്‍ദ്ദിച്ചു. റാണിപ്പിലെ ഒരു ജ്വല്ലറിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ മുഖം മറച്ച സ്ത്രീയാണ് കടയുടമയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം മോഷണത്തിന് ശ്രമിച്ചത്. എന്നാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ ഒഴിഞ്ഞുമാറിയ ജ്വല്ലറി ഉടമ, കൗണ്ടറിന് മുകളിലൂടെ ചാടി മോഷ്ടാവിനെ തിരച്ചടിച്ചു. മോഷ്ടാവിനെ ആവര്‍ത്തിച്ച് മര്‍ദിക്കുകയും കടയില്‍ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായത്.

20 സെക്കന്‍ഡിനുള്ളില്‍ ഏകദേശം 17 തവണ ജ്വല്ലറിയുടമ യുവതിയെ ആഞ്ഞടിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് എത്തുന്നതിന് മുമ്പ് സ്ത്രീ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാണിപ്പ് പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമാനമായ മറ്റ് മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും അന്വേഷിക്കുന്നുണ്ട്.