- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; കുപ്വാരയില് ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; സുരക്ഷാ സേന തിരച്ചില്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് സൈനികര്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലുണ്ടായി. പ്രതിരോധത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാര്‍ കോപ്‌സ് എക്‌സില്‍ കുറിച്ചു.
വെള്ളിയാഴ്ച കുപ്വാരയിലെ കേരന്‍ സെക്ടറില്‍ സുരക്ഷാ ഏജന്‍സികള്‍ സംയുക്ത തിരച്ചില്‍ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്.
പ്രത്യേക വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ പിംപിള്‍ ആരംഭിച്ചതായി സൈന്യത്തിന്റെ വൈറ്റ് ചിനാര്‍ കോര്‍പ്സ് എക്സിലെ പോസ്റ്റില്‍ പറഞ്ഞു. സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചില്‍ ആരംഭിച്ചു. ഇതോടെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഓക്ടോബര്‍ 14ന് കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈന്യത്തിന് മേലധികാരികള്‍ കര്‍ശന നിര്‍ദേശം നല്‍കി. ബുധനാഴ്ച കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രദേശത്ത് ഭീകരരുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ സുരക്ഷാ സേന ഓപ്പറേഷന്‍ ഛത്രു ആരംഭിക്കുകയായിരുന്നു.
740 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയാണ് ജമ്മു കശ്മീരിന്റേത്. അതേസമയം അന്താരാഷ്ട്ര അതിര്‍ത്തിക്ക് 240 കിലോമീറ്റര്‍ നീളമുണ്ട്. ബരാമുള്ള, കുപ്വാര, ബന്ദിപ്പോര എന്നിവിടങ്ങളിലും ജമ്മു ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് നിയന്ത്രണ രേഖ സ്ഥിതിചെയ്യുന്നത്. ജമ്മു ഡിവിഷനിലെ ജമ്മു, സാംബ, കത്വ ജില്ലകളിലാണ് അന്താരാഷ്ട്ര അതിര്‍ത്തി.




