- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമാബാദിലെ ചാവേര്‍ സ്‌ഫോടനം: പാക്ക് താലിബാന്‍ ഉത്തരവാദിത്തമേറ്റെടുത്തിട്ടും ഇന്ത്യയെ കുറ്റപ്പെടുത്തി പാക്ക് പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദിലെ കോടതി പരിസരത്ത് 12 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ സ്‌ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാക്ക് താലിബാന്‍ ഉത്തരവാദിത്തമേറ്റിരിക്കെയാണ് ഷെഹബാസ് ഷെരീഫ് ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഭീകരവാദത്തിന്റെ വിപത്ത് പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ഞങ്ങള്‍ യുദ്ധം തുടരുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ തന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന ഒരു തെളിവും ഷെഹബാസ് ഷെരീഫിന് പറയാനുണ്ടായിരുന്നില്ല.
ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദികളാണ് ഇസ്‌ലാമാബാദില്‍ സ്‌ഫോടനം നടത്തിയതെന്ന് ഷെഹബാസ് ഷെരീഫ് ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനെ അസ്ഥിരമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സ്‌ഫോടനമെന്നും ഷെഹബാസ് ഷെരീഫ് പറയുന്നു. പാക്അഫ്ഗാന്‍ അതിര്‍ത്തിയിലെ വാനയില്‍ കേഡറ്റ് പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തിലും ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ വാദം.
ഇസ്ലാമാബാദിലെ കോടതിക്കു മുന്നില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. ഒരു വാഹനത്തിനുള്ളില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പറഞ്ഞിരുന്നു. പിന്നാലെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് താലിബാന്‍ ഏറ്റെടുത്തിരുന്നു.
ഇന്ത്യന്‍ പിന്തുണയില്‍ പാക്കിസ്ഥാന്‍ താലിബാന്‍ അഥവാ ടി.ടി.പിയും അഫ്ഗാന്‍ താലിബാന്‍ പ്രോക്‌സികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.




