പട്‌ന: ബിഹാറില്‍ എക്‌സിറ്റ് പോള്‍ ഭരണത്തുടര്‍ച്ച പ്രവചിച്ചതിന് പിന്നാലെ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. വോട്ടെണ്ണി തുടങ്ങുന്നതിന് മുമ്പെ ലഡുവിന് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. 501 കിലോ ഗ്രാം ലഡുവിനാണ് ബിഹാറില്‍ ബി.ജെ.പി ഓര്‍ഡര്‍ നല്‍കിയത്. നവംബര്‍ 14നാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. ഇതിന് മുമ്പ് തന്നെ ബി.ജെ.പി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണെന്ന് തെളിയിക്കുകയാണ് റിപ്പോര്‍ട്ട്.

വോട്ടെണ്ണല്‍ ദിനം ഹോളി, ദസ്‌റ, ദീപാവലി, ഈദ് എന്നിവ പോലെ ബി.ജെ.പി ആഘോഷിക്കും. വികസനത്തിനാണ് എന്‍.ഡി.എ ആളുകള്‍ക്ക് വോട്ട് ചെയ്തത്. ജനങ്ങള്‍ക്ക് പ്രസാദമായി നല്‍കാന്‍ 501 കിലോ ലഡു ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ കല്ലു പി.ടി.ഐയോട് പറഞ്ഞു. ഓര്‍ഡര്‍ ലഭിച്ച വിവരം ചില ബേക്കറി ഉടമകളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എ മുന്നേറ്റമാണ് പ്രവചിക്കുന്നത്.