അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോവധക്കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ചു. കാസിം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തില്‍ ഇതാദ്യമായാണ് ഗോവധക്കേസില്‍ ജീവപര്യന്തം വിധിക്കുന്നത്.

'ചരിത്രപരമായ വിധി'യെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷയെ വിശേഷിപ്പിച്ചത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ഗോസംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വാഘാനി പറഞ്ഞു.