- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പ കൊടുത്ത പണം തിരികെ ചോദിച്ചു; വയോധികനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തി മൂന്നംഗ സംഘം: അറസ്റ്റ്
വയോധികനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തി മൂന്നംഗ സംഘം
മൈസൂരു: വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധികനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗര്‍ സ്വദേശി സ്വാമി (72) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഗുണ്ടല്‍പേട്ടിനു സമീപം കാമരള്ളിയില്‍ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. കടം കൊടുത്ത പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത. സംഭവത്തില്‍ പരാശിവമൂര്‍ത്തി, സിദ്ധരാജു, മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് പ്രതികള്‍. മൂന്നു പേരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടത്തിയതും. പ്രദേശവാസികളില്‍ ചിലരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പിന്നാലെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളിലൊരാളായ പരാശിവമൂര്‍ത്തി, കൊല്ലപ്പെട്ട സ്വാമിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പല തവണ തിരികെ ചോദിച്ചെങ്കിലും കൊടുക്കാന്‍ ഇയാള്‍ തയാറായില്ല. വീണ്ടും സ്വാമി പണം ചോദിച്ച് സമ്മര്‍ദം ചെലുത്തി. ഇതില്‍ പ്രകോപിതനായ പരാശിവമൂര്‍ത്തി, സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുക ആയിരുന്നു.
കടം വാങ്ങിയ പണം തിരികെ കൊടുക്കാമെന്നു പറഞ്ഞ് ഇവര്‍ സ്വാമിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാമിയുടെ പക്കല്‍ ഉണ്ടായിരുന്ന 105 ഗ്രാം സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്ത് വീതം വച്ചു. ഈ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




