ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലില്‍ വച്ച് കാബിന്‍ ക്രൂ അംഗമായ 26കാരിയെ ബലാത്സംഗം ചെയ്ത പൈലറ്റിനെതിരെ കേസെടുത്തു. യുവതിയുടെ പരാതിയില്‍ 60കാരനായ പൈലറ്റിനെതിരെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. നവംബര്‍ 19ന് ബെംഗളൂരുവില്‍ നിന്ന് പുട്ടപര്‍ത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിന്‍ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരണ്‍ ബലാത്സംഗം ചെയ്തത്.

നവംബര്‍ 18ന് ഹൈദരാബാദിലെ ബീഗംപേട്ടില്‍ നിന്നാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രതിയായ രോഹിത് ശരണ്‍ മറ്റൊരു പൈലറ്റിനും അതിജീവിതയ്ക്കും ഒപ്പം ഹോട്ടലില്‍ വിശ്രമത്തിനായി മുറിയെടുത്തത്. നവംബര്‍ 19ന് പുട്ടപര്‍ത്തിയിലേക്കു മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുകവലിക്കാന്‍ വേണ്ടി പുറത്തുപോകുന്നതിനിടെ ഹോട്ടല്‍ മുറിക്ക് സമീപം കൊണ്ടുപോയി രോഹിത് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

നവംബര്‍ 20ന് ബീഗംപേട്ടില്‍ തിരിച്ചെത്തിയപ്പോള്‍, യുവതി ഉടന്‍ തന്നെ മാനേജ്‌മെന്റിനെ സമീപിക്കുകയും ഹൈദരാബാദ് ബീഗംപേട്ട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (ബലാത്സംഗ കുറ്റകൃത്യം) സെക്ഷന്‍ 63 പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് ബെംഗളൂരു ഹലസുരു പൊലീസിന് കൈമാറിയിട്ടുണ്ട്.