ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും 'വളരെ മോശം' വിഭാഗത്തില്‍ തുടരുകയാണ്. ആകെയുള്ള വായു ഗുണനിലവാര സൂചിക 301 ആയി. 24 ദിവസം 'വളരെ മോശം' നിലവാരത്തില്‍ തുടര്‍ന്ന ശേഷം, ഞായറാഴ്ച ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 279ല്‍ എത്തി 'മോശം' വിഭാഗത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും അവസ്ഥ മോശമായി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) സമീര്‍ ആപ്പില്‍ നിന്നുള്ള ഡാറ്റ പ്രകാരം നഗരത്തിലെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 24 എണ്ണവും 'വളരെ മോശം' വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്. ബാക്കിയുള്ള 14 എണ്ണം 'മോശം' നിലയിലാണ്.