മൈസൂരു: അഞ്ചു വയസുകാരിയായ മകളെ അടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ കര്‍ണാടകയില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ ഈ വര്‍ഷം മാര്‍ച്ച് 27-നാണ് അതിക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.

ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് ഇയാള്‍ നിഷ്ഠൂരം വെട്ടി കാലപ്പെടുത്തിയത്. പിറ്റേ ദിവസമാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസികോളനിയിലായിരുന്നു ഗിരിഷും കുടുംബവും താമസിച്ചിരുന്നത്.

മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞ് ദിവസവും വഴക്കിടാറുണ്ട്. ഭാര്യയിലുള്ള സംശയമാണ് നാലു കൊലപാതകങ്ങളില്‍ കലാശിച്ചത്. സംഭവദിവസം വൈകീട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ നാഗി പണം നല്‍കിയില്ല. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ശ്രമിച്ച മകളടക്കം മൂന്നുപേരെയും വെട്ടിക്കൊന്നു.

തുടര്‍ന്ന് രാത്രി ഇയാള്‍ കണ്ണൂരിലേക്ക് മടങ്ങി. പിറ്റേന്നുരാവിലെ എസ്റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പോലീസ് കണ്ണൂരിലെ ഇരിട്ടിയില്‍നിന്നാണ് അറസ്റ്റുചെയ്തത്. പൊന്നംപേട്ട പോലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.