- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവണ്ടിയപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു; 23 വര്‍ഷത്തിന് ശേഷം വിധവയെ കണ്ടു പിടിച്ച് നഷ്ടപരിഹാരം നല്കി റെയില്‍വേ: അഭിനന്ദിച്ച് സുപ്രീംകോടതി
വിധവയ്ക്ക് 23 വർഷത്തിനുശേഷം നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പ് തീവണ്ടിയപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ബിഹാര്‍ സ്വദേശിനിയെ തേടി കണ്ടുപിടിച്ച് നഷ്ടപരിഹാരം നല്കിയ റെയില്‍വേയെ അഭിനന്ദിച്ച് സുപ്രീംകോടതി. സന്‍യോക്താ ദേവി എന്ന വയോധികയ്ക്ക് വേണ്ടി സൗജന്യമായി കോടതിയില്‍ ഹാജരായ അഡ്വ. ഫൗസിയ ഷക്കീലിനേയും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് പ്രശംസിച്ചു. ഒരു പാവപ്പെട്ട വ്യക്തിയുടെ മുഖത്തെ ചിരി മാത്രമേ തങ്ങള്‍ക്ക് വേണ്ടൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
2002ലാണ് വയോധികയ്ക്ക് തീവണ്ടി അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമാകുന്നത്. ഇവരുടെ ഭര്‍ത്താവ് വിജയ് സിങ് ഓടുന്ന തീവണ്ടിയില്‍ നിന്ന് വീണുമരിക്കുക ആയിരുന്നു. തുടര്‍ന്ന് ഇവര്‍ പലതവണ താമസം മാറിയതിനാല്‍ കണ്ടെത്താന്‍ പ്രയാസമായി. ഇവര്‍ക്കുവേണ്ടി നേരത്തേ ഹാജരായിരുന്ന അഭിഭാഷകനും മരിച്ചു. പിന്നീടാണ് റെയില്‍വേയും അഡ്വ. ഫൗസിയ ഷക്കീലും ചേര്‍ന്ന് അവരെ കണ്ടെത്തി 8.92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്.
വിജയ് സിങ്ങിന് മാനസിക പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാര അപേക്ഷ റെയില്‍വേ ക്ലെയിം ട്രിബ്യൂണലും പട്ന ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരേയാണ് സന്‍യോക്താ ദേവി സുപ്രീംകോടതിയിലെത്തിയത്.




