ഹൈദരാബാദ്: ലഹരി ലഭിക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന അനസ്തീസിയ മരുന്ന് സ്വയം കുത്തിവെച്ച രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഹൈദരാബാദില്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ ജഹാംഗീര്‍ ഖാന്‍ (25), സയ്യിദ് ഇര്‍ഫാന്‍ (29) എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ചന്ദ്രയാങ്കുട്ടയിലെ ഫ്‌ലൈഓവറിനു കീഴില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന 'അട്രാനിയം 25 മില്ലിഗ്രാം' എന്ന അനസ്തീസിയ മരുന്ന്, സിറിഞ്ചുകള്‍, ഒരു ആംപ്യൂള്‍ എന്നിവ പോലീസ് കണ്ടെടുത്തു. ഡിസംബര്‍ 2 ന് രാത്രി 'ടെര്‍മിന്‍' എന്നറിയപ്പെടുന്ന ലഹരിമരുന്ന് എത്തിക്കാന്‍ സുഹൃത്തിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.

എന്നാല്‍ ഇത് കിട്ടാതിരുന്നതോടെ സുഹൃത്ത് പകരം അട്രാനിയം ആംപ്യൂളുകള്‍ ഇരുവര്‍ക്കും എത്തിച്ചു നല്‍കി. തുടര്‍ന്ന് മൂവരും മേല്‍പ്പാലത്തിനടുത്ത് ഒത്തുകൂടി മരുന്ന് കുത്തിവെക്കുകയായിരുന്നു. അമിത അളവില്‍ മരുന്ന് കുത്തിവെച്ച ജഹാംഗീറും ഇര്‍ഫാനും ഉടന്‍തന്നെ കുഴഞ്ഞുവീണ് മരണം സംഭവിച്ചു. ചെറിയ അളവില്‍ മരുന്ന് കുത്തിവെച്ച സുഹൃത്ത് കുഴഞ്ഞുവീണെങ്കിലും ഇയാള്‍ പിന്നീട് ബോധം വീണ്ടെടുത്തു.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട അനസ്തീസിയ മരുന്നാണ് നിയമവിരുദ്ധ വിതരണക്കാരനിലൂടെ യുവാക്കളിലേക്ക് എത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി.

ആശുപത്രിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഒരു ന്യൂറോസര്‍ജന്‍ ശസ്ത്രക്രിയക്ക് ശേഷം ബാക്കിവന്ന മരുന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ അലക്ഷ്യമായി ഉപേക്ഷിക്കുകയായിരുന്നു. ഇത് ആശുപത്രി പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് പോലീസ് വ്യക്തമാക്കി.

ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് ഇതേ ആശുപത്രിയിലെ ജീവനക്കാരനായ ചൗഡെ ആകാശ് എന്നയാളാണ് നാല് അട്രാനിയം ആംപ്യൂളുകളുടെ ഒരു പായ്ക്കറ്റ് മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ മരുന്ന് ആകാശ് മറ്റൊരാള്‍ക്ക് വില്‍ക്കുകയും അത് മരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

സംഭവത്തില്‍ മരുന്ന് മോഷ്ടിച്ച ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ന്യൂറോസര്‍ജനും അദ്ദേഹത്തിന്റെ അസിസ്റ്റന്റിനുമെതിരെ കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.