- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലനശേഷിയും ബോധവുമില്ല; ചികിത്സയോട് പ്രതികരിക്കുന്നില്ല; 32കാരന് ദയാവധം അനുവദിക്കണമെന്ന് പിതാവ്: പരിഗണനയിലെടുത്ത് സുപ്രീംകോടതി
32കാരന് ദയാവധം അനുവദിക്കണമെന്ന് പിതാവ്: പരിഗണനയിലെടുത്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: കഴിഞ്ഞ 13 വര്‍ഷമായി ചലനശേഷിയും ബോധവുമില്ലാതെ കിടക്കുന്ന 32-കാരന് നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നത് പരിശോധിക്കാന്‍ സുപ്രീംകോടതി. ഇതിനായി രണ്ടാം മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ കോടതി ഉത്തരവിട്ടു. കെട്ടിടത്തില്‍നിന്ന് വീണതിനെത്തുടര്‍ന്നാണ് യുവാവ് കഴിഞ്ഞ 13 വര്‍ഷമായി കോമയില്‍ കഴിയുന്നത്.
യുവാവിനെ ഈയവസ്ഥയില്‍ കഴിയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, കേസ് ഈമാസം 18-ലേക്കുമാറ്റി. ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോക് റാണയാണ് സുപ്രീംകോടതിയെ സമീപിച്ചത്. യുവാവിന് ഇപ്പോഴത്തെ സ്ഥിതിയില്‍നിന്ന് മാറ്റമുണ്ടാവാനുള്ള സാധ്യത അതിവിരളമാണെന്നും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാമെന്നും നോയ്ഡ ജില്ലാ ആശുപത്രിയുണ്ടാക്കിയ പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് രണ്ടാം ബോര്‍ഡുണ്ടാക്കാന്‍ ഡല്‍ഹി എയിംസിനോട് നിര്‍ദേശിച്ചത്.
മകന് ദയാവധ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷവും പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റാണയുടെ ആവശ്യം കഴിഞ്ഞവര്‍ഷം സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹരീഷിന്റെ ചികിത്സ ഏറ്റെടുത്തു. മകന്റെ ആരോഗ്യനില വീണ്ടും മോശമായെന്നും ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും സുപ്രീംകോടതിയിലെത്തിയത്.




