ചണ്ഡീഗഡ്: അരയിലിരുന്ന തോക്കില്‍നിന്നും അബദ്ധത്തില്‍ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. സോഫയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അരയില്‍ വച്ചിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. ധനി സുച്ച സ്വദേശിയായ സോനു എന്ന് അറിയപ്പെടുന്ന ഹര്‍പിന്ദര്‍ സിങ്ങാണ് മരിച്ചത്.

ഹര്‍പിന്ദര്‍ സിങ് ബന്ധുവിനൊപ്പം സോഫയില്‍ ഇരിക്കുന്ന സമയത്താണ് സംഭവം. പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ അരയില്‍ വച്ചിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ട് ബന്ധുക്കള്‍ ഓടിയെത്തുന്നതായും ഹര്‍പിന്ദറിനെ പുറത്തേക്ക് കൊണ്ടുപോകുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടുന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രാമദ്ധ്യേ ഹര്‍പിന്ദര്‍ മരണപ്പെട്ടു.

വിദേശത്തായിരുന്ന ഹര്‍പിന്ദര്‍ അടുത്തിടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. ഹര്‍പിന്ദറിന്റെ ശവസംസ്‌കാര ചടങ്ങ് ചൊവാഴ്ച നടന്നു.