ന്യൂഡല്‍ഹി: വിഗ്ഗ് ധരിച്ച് കഷണ്ടി മറച്ചുവച്ച് വിവാഹ കഴിച്ചെന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്‌തെന്നും ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ യുവാവിനെതിരെയാണ് ഭാര്യ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വിവാഹത്തിനു മുന്‍പ് ഇയാള്‍ വിഗ്ഗ് ധരിച്ചാണ് പെണ്ണുകാണാനെത്തിയത്. ചെറിയരീതിയിലുള്ള മുടികൊഴിച്ചില്‍ മാത്രമാണ് ഉള്ളതെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹ ശേഷം ഭര്‍തൃവീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിന് കഷണ്ടിയുള്ളതായി യുവതി കണ്ടെത്തിയത്. ഭര്‍ത്താവ് കഷണ്ടിയാണെന്ന് മനസ്സിലായതോടെ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി ഭര്‍ത്താവിനെ ചോദ്യം ചെയ്തു.

തുടര്‍ന്ന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും സ്വഭാവം മാറിയതായും യുവതി പറഞ്ഞു. പിന്നീട് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭര്‍തൃമാതാപിതാക്കളും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. 15 ലക്ഷം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അവര്‍ കൈക്കലാക്കിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.