- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായ്ക്കളെ ഇല്ലാതാക്കിയാൽ എലികളുടെ എണ്ണം വർധിക്കുമെന്ന് മൃഗസ്നേഹികൾ; കൂടുതൽ പൂച്ചകളെ വളർത്തി പരിഹരിച്ചാൽ മതിയെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ്ക്കളെ പൂർണമായി ഇല്ലാതാക്കുന്നത് എലികളുടെ എണ്ണം വർധിക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാക്കുമെന്നുമുള്ള മൃഗസ്നേഹികളുടെ വാദത്തോട്, കൂടുതൽ പൂച്ചകളെ വളർത്തി ഈ പ്രശ്നം പരിഹരിക്കാമെന്ന് സുപ്രീംകോടതിയുടെ പരാമർശം. വ്യാഴാഴ്ച തെരുവുനായ് വിഷയത്തിൽ നടന്ന വാദത്തിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
മനുഷ്യരിലുണ്ടാകുന്ന ഭയം നായ്ക്കൾക്ക് മണത്തറിയാൻ സാധിക്കുമെന്നും ഇതാണ് പലപ്പോഴും കടിക്കുന്നതിന് കാരണമാകുന്നതെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി. നായ്ക്കൾ എപ്പോൾ ആക്രമിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതിനാൽ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പൊതുസ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് ഇവയെ നീക്കം ചെയ്യണം. തെരുവുനായ്ക്കളെ പൂർണമായും തുടച്ചുനീക്കുകയല്ല, മറിച്ച് അവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് മൃഗ ജനന നിയന്ത്രണ (എ.ബി.സി.) നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
എ.ബി.സി. നിയമപ്രകാരം തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക, വാക്സിനേഷൻ നൽകുക, ശേഷം അതേസ്ഥലത്ത് തുറന്നുവിടുക എന്നിവയാണ് ചെയ്യേണ്ടത്. എന്നാൽ, ഈ നിയമങ്ങൾ നടപ്പാക്കുന്നതിൽ പല സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും പരാജയപ്പെട്ടുവെന്ന് കോടതി വ്യാഴാഴ്ച വീണ്ടും ആവർത്തിച്ചു. ഡൽഹി സർവകലാശാലയിൽ തെരുവുനായ്ക്കളെ നിയന്ത്രണവിധേയമാക്കിയത് ഈ വിഷയത്തിൽ കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. നേരത്തെ, ആളുകളെ കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസലിങ് നൽകുക മാത്രമാണ് ഇനി പോംവഴിയെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഹസിച്ചിരുന്നു.




