ബെംഗളൂരു: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും കൊലപാതകത്തിന് സഹായിച്ച സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ വാടകമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് രണ്ടു പേര്‍ അറസ്റ്റിലായത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് രണ്ടു പേരും പിടിയിലായത്. ജനുവരി 10നാണ് ആശ എന്ന യുവതിയെ ആര്‍.ആര്‍ നഗറിലെ മുറിയില്‍ ഫാനില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും ആത്മഹത്യ എന്നാണ് പോലിസ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.

ആറു വര്‍ഷം മുന്‍പാണ് ആശയും കുനിഗല്‍ താലൂക്ക് സ്വദേശിയായ വിരൂപാക്ഷയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു താമസം. വിവാഹത്തിന്റെ തുടക്കം മുതല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വിരൂപാക്ഷ ആശയെ പരിഗണിച്ചിരുന്നില്ലെന്നുമാണ് അവരുടെ സഹോദരന്‍ പറയുന്നത്. വിരൂപാക്ഷ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ആശയെ ഉപദ്രവിച്ചിരുന്നു.

ജോലിക്ക് പോകാതെ ആശയുടെ വരുമാനത്തിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇവര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടയിലാണ് കൊലപാതകം നടന്നത്.

തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തെങ്കിലും, ജനുവരി 11ന് വിക്ടോറിയ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം വിപുലീകരിച്ചു. തുടര്‍ന്ന് ജനുവരി 14ന് വിരൂപാക്ഷയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. വിരൂപാക്ഷ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കൃത്യമായ കാരണം, സുഹൃത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.