ചെന്നൈ: അച്ഛനെതിരെ മകള്‍ നല്‍കിയ പീഡന പരാതി കള്ളമെന്ന് തെളിഞ്ഞു. പതിമൂന്നുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കുട്ടിയും അമ്മയും ചേര്‍ന്ന് നല്‍കിയ പരാതിയാണ് കളവാണെന്ന് കോടതിയില്‍ തെളിഞ്ഞത്. ഇതോടെ പിതാവിന് വിധിച്ച അഞ്ചുവര്‍ഷത്തെ തടവു ശിക്ഷയും റദ്ദാക്കി. പരാതി വ്യാജമെന്ന് തെളഞ്ഞതോടെ 48-കാരന് വിധിച്ച അഞ്ചുവര്‍ഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതിയാണ് റദ്ദാക്കിയത്.

അമ്മയുടെ പ്രേരണയാലാണ് താന്‍ അച്ഛനെതിരേ പരാതി നല്‍കിയതെന്ന് 13-കാരി മദ്രാസ് ഹൈക്കോടതിയില്‍ തുറന്നുപറയുകയായിരുന്നു. സ്വന്തം ഭര്‍ത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയ അമ്മയുടെ നടപടിയെ കോടതി നിശിതമായി വിമര്‍ശിച്ചു. പുതുച്ചേരിയിലാണ് സംഭവം. ഭാര്യയുമായുള്ള വിവാഹമോചനക്കേസിലെ വൈരാഗ്യമാണ് പീഡന പരാതിയില്‍ കലാശിച്ചത്.

അമ്മയുടെ ഭീഷണിയെ തുടര്‍ന്ന് അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 13-കാരി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പുതുച്ചേരി കോടതി 2023-ല്‍ അച്ഛന് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. എന്നാല്‍, ശിക്ഷ അനുഭവിക്കവേ, താന്‍ നിരപരാധിയാണെന്നു വ്യക്തമാക്കി ഇയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഭാര്യയുമായി വിവാഹംമോചനം തേടി ഇയാള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡനകഥ കെട്ടിച്ചമച്ചതെന്നു കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് കോടതി തടവുശിക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടത്.