പുണെ: ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത ഭാര്യ ട്രക്കിടിച്ചു മരിച്ച സംഭവത്തില്‍ ഒരു മാസത്തിനു ശേഷം ഭര്‍ത്താവിനെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. ജനുവരി രണ്ടിനുണ്ടായ സംഭവത്തിലാണ് ഭര്‍ത്താവിനെതിരെ പോലിസ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. പുണെ ഉത്തം നഗറിലുണ്ടായ അപകടത്തില്‍ ഷേര്‍ലി ആന്റണി (37) യാണ് റോഡപകടത്തില്‍ മരിച്ചത്.

ഗിറ്റാറിസ്റ്റായ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പിന്നിലിരുന്നു പോകവേ ട്രക്കുമായുണ്ടായ അപകടത്തിലാണ് ഷേര്‍ലി മരിച്ചത്. ബൈക്ക് ട്രക്കിനെ മറികടക്കുന്നതിനിടയില്‍ തെന്നിവീഴുകയും ഷേര്‍ലി ട്രക്കിനടിയിലേക്ക് വീഴുകയുമായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ ട്രക്കിന്റെ ചക്രങ്ങള്‍ കയറിയായിരുന്നു മരണം.

യുവതിയുടെ മരണം റോഡപകടമാക്കിയാണ് ഉത്തം നഗര്‍ പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഷേര്‍ലിയുടെ ഭര്‍ത്താവ് റോബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അശ്രദ്ധയോടെ വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മൂന്നുമാസം മുന്‍പാണ് ദമ്പതികള്‍ ജബല്‍പുരില്‍ നിന്ന് പുണെയിലേക്ക് താമസം മാറിയത്. അപകടത്തില്‍ റോബിനും പരുക്കേറ്റിരുന്നു.