ഗുവാഹത്തി: അന്ത്യകര്‍മ്മങ്ങള്‍ നടത്തി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പരേതന്‍ ജീവനോടെ വീട്ടിലെത്തി. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ ഫെബ്രുവിരി അഞ്ചിനുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നയാളാണ് ജീവനോടെ വീട്ടിലെത്തിയത്. ഇതില്‍ ഉള്‍പ്പെട്ട 44കാരനായ ഖനി തൊഴിലാളിയാണ് ജീവനോടെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ ഇയാളുടെ അന്ത്യകര്‍മങ്ങള്‍ കുടുംബം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ തിരിച്ചെത്തിയത്.

അപകടത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഔദ്യോഗിക സ്ഥിരീകരണം. ആസാമിലെ ശ്രീഭൂമി ജില്ലയിലെ രതബാരിയിലുള്ള ശ്യാംബാബു സിന്‍ഹ എന്നയാളാണ് ഖനിയപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിറങ്ങി മൂന്നാം നാള്‍ വീട്ടിലെത്തിയത്. ഇതോടെ ശ്യാംബാബുവിന്റെതെന്ന് കരുതി സംസ്‌ക്കരിച്ച മൃതദേഹം ആരുടെതെന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങി. കൃത്യമായ തിരിച്ചറിയല്‍ നടത്തിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

ശ്യാംബാബു സിന്‍ഹ വീട്ടിലേക്ക് എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ ആദ്യം അമ്പരന്നു, എന്നാല്‍ ഇപ്പോള്‍ ശ്യാംബാബുവിന്റേത് എന്നുകരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന സംശയം ബാക്കിയായി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ 3 ലക്ഷം രൂപയും അസം സര്‍ക്കാര്‍ 5 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. മരിച്ചവരില്‍ കൂടുതല്‍ പേരും അസം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.

ചെറിയ മാളങ്ങളുണ്ടാക്കി യന്ത്രങ്ങള്‍ ഉപയോഗിക്കാതെ കല്‍ക്കരി ഖനനം ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. ജയന്തിയ ഹില്‍സില്‍ മാത്രം ആയിരത്തിലേറെ ഇത്തരം ഖനികളുണ്ട്. അതേസമയം 50ല്‍ അധികം ആളുകള്‍ ഖനിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖനിയില്‍ ഡൈനമൈറ്റ് ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിനിടെയാണ് ദുരന്തമുണ്ടായത്. 18 പേരുടെ മൃതദേഹം ആദ്യദിവസംതന്നെ കണ്ടെടുത്തിരുന്നു.