കൊല്‍ക്കത്ത: രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പട്ന സ്വദേശിയായ ലാവണ്യ പ്രതാപ് (21) എന്നയാളാണു മരിച്ചത്. ശനിയാഴ്ച രാത്രി സഹപാഠികളാണ് ലാവണ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരീക്ഷയില്‍ തോറ്റതിലെ നിരാശമൂലമാകാം ആ്തമഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

ദുര്‍ഗാപൂരില്‍ നിന്നും വിദ്യാര്‍ഥിയുടെ കുടുംബം സ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സഹപാഠികളോടും ഹോസ്റ്റല്‍ അന്തേവാസികളോടും സംസാരിച്ചു. മരണം ആത്മഹത്യയാകാമെന്നാണു പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്നും പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കു ശേഷമേ യഥാര്‍ഥ കാരണം സ്ഥിരീകരിക്കാനാകു എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തിടെ നടന്ന സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ഥി ഒരു വിഷയത്തില്‍ പരാജയപ്പെട്ടിരുന്നുവെന്നും ഇതിനെ തുടര്‍ന്നു മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പോലീസ് പരിശോധിച്ചുവരുന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേ മെഡിക്കല്‍ കോളേജിലെ ഒഡീഷ സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം പുറത്തുപോയപ്പോളായിരുന്നു സംഭവം. പിന്നാലെ ഈ കേസില്‍ സുഹൃത്തിനെയും മറ്റു അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.