- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തശ്ശനരികിലേക്ക് പോകുന്നെന്ന് കത്തെഴുതി വെച്ചു; പതിനൊന്നാം ക്ലാസുകാരിയുടെ മൃതദേഹം ശ്മശാനത്തിനടുത്തുള്ള കുളത്തില്‍ കണ്ടെത്തി
പതിനൊന്നാം ക്ലാസുകാരിയുടെ മൃതദേഹം ശ്മശാനത്തിനടുത്തുള്ള കുളത്തില്‍ കണ്ടെത്തി

ഗുരുഗ്രാം: കാണാതായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ശ്മശാനത്തിന് അടുത്തുള്ള കുളത്തില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചു പോയ മുത്തശ്ശനരികിലേക്ക് പോകുന്നെന്ന് കത്തെഴുതി വെച്ചശേഷമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. ഗുരുഗ്രാമിലാണ് സംഭവം.
കുട്ടി എഴുതിയതെന്ന് കരുതുന്ന ഒരു ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 'അമ്മയും അച്ഛനും ക്ഷമിക്കണം, മുത്തശ്ശന് അരികിലേക്ക് പോകുന്നു, എന്നെ അന്വേഷിക്കണ്ട, ശ്മശാനത്തിനടുത്തുള്ള കുളത്തില്‍ കാണും' ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടി വീടുവിട്ടിറങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. രാത്രി അത്താഴത്തിനു ശേഷം പഠിക്കാനുണ്ടെന്ന് പറഞ്ഞ് മുറിയില്‍ കയറിയ പെണ്‍കുട്ടിയെ നേരം വെളുത്ത് നോക്കിയപ്പോള്‍ കണ്ടില്ല.
വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാതെ വന്നതോടെ കുടുംബം പൊലീസില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി രാത്രി സ്‌കൂള്‍ യൂണിഫോമില്‍ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ഡയറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
ആദ്യം മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ പറ്റാതായതോടെ കുളം വറ്റിച്ചു പരിശോധിച്ചു. ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൈത്രി സ്‌കൂള്‍ വിദ്യാര്‍ഥിയായ കുട്ടി പഠിക്കാനും മറ്റും മിടുക്കിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.


