- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹീറോയാകാന്‍ നോക്കി വില്ലനായി! റെയില്‍വേ ട്രാക്കില്‍ സ്‌ഫോടക വസ്തു വെച്ച് പരിഭ്രാന്തി പരത്തിയ മുന്‍ സൈനികന് അറസ്റ്റില്‍; ജോലിയിലെ കരാര്‍ കാലാവധി നീട്ടാന്‍ മുഷ്താഖ് നടത്തിയത് വന്‍ നാടകം

വഡോദര: റെയില്‍വേ ട്രാക്കില്‍ സ്‌ഫോടക വസ്തു വെച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും പിന്നീട് അത് കണ്ടെത്തിയെന്ന് വരുത്തിതീര്‍ത്ത് 'ഹീറോ' ആകാന്‍ ശ്രമിക്കുകയും ചെയ്ത വിമുക്തഭടന്‍ ഗുജറാത്തില്‍ അറസ്റ്റിലായി. ജമ്മു കശ്മീര്‍ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് (47) ആണ് വഡോദരയില്‍ പോലീസ് പിടിയിലായത്. ഗുജറാത്തിലെ അംഗധിനടുത്തുള്ള ചരക്ക് ഗതാഗത ഇടനാഴിയിലായിരുന്നു സംഭവം.
നിലവില്‍ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈന്‍മാനായി ജോലി ചെയ്യുകയായിരുന്നു മുഷ്താഖ്. റെയില്‍വേ ട്രാക്കുകളില്‍ പട്രോളിംഗ് നടത്താനാണ് ഇയാളെ നിയമിച്ചിരുന്നത്. ഷെര്‍ഖി ഗ്രാമത്തിലെ ഒരു വിവാഹ ആവശ്യത്തിനായി എത്തിച്ചിരുന്ന പടക്കങ്ങള്‍ കൈക്കലാക്കിയ ഇയാള്‍, അത് റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ വിവരം ഇയാള്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതി, തന്റെ പ്രവൃത്തിക്ക് പിന്നിലെ വിചിത്രമായ കാരണങ്ങള്‍ വെളിപ്പെടുത്തി. സമൂഹത്തിന് മുന്നില്‍ ഒരു 'ഹീറോ' ആയി അറിയപ്പെടാനുള്ള അദമ്യമായ ആഗ്രഹമായിരുന്നു നീക്കത്തിന് പിന്നില്‍. മുഷ്താഖിന്റെ കരാര്‍ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. റെയില്‍വേയില്‍ മികച്ച രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിഫലം നല്‍കുകയോ കരാര്‍ നീട്ടി നല്‍കുകയോ ചെയ്യാറുണ്ടെന്ന അറിവാണ് ഇത്തരമൊരു നാടകത്തിന് പ്രേരിപ്പിച്ചത്.
സ്‌ഫോടകവസ്തു കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാമെന്നും അതുവഴി ജോലി നഷ്ടപ്പെടുന്നത് ഒഴിവാക്കാമെന്നും ഇയാള്‍ കണക്കുകൂട്ടി. 'തന്റെ കരാര്‍ കാലാവധി നീട്ടുന്നതിനും ഹീറോ പരിവേഷം നേടുന്നതിനുമായാണ് ഇയാള്‍ ഈ പ്രവൃത്തി ആസൂത്രണം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്,' എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ജഗദീഷ് ചാവ്ദ പറഞ്ഞു. 2024 മുതലാണ് ഇയാള്‍ റെയില്‍വേ പോലീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


