ചണ്ഡീഗഢ്: പാല്‍ വാങ്ങാന്‍ പോകവേ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ യുവാവ് കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സര്‍ലി ഗ്രാമത്തിലെ പ്രവേഷ് ശര്‍മയാണ് 12 മിനുട്ടിലേറെ നേരം മല്ലിട്ടതിന് ശേഷം പുലിയെ കൊലപ്പെടുത്തിയത്. പുലിയുടെ താടിയെല്ലുകള്‍ പിടിച്ച് തിരിച്ചും തലയിലും കഴുത്തിലും ശക്തമായി ഇടിച്ചുമാണ് പ്രവേഷ് കൊലപ്പെടുത്തിയത്. ഏതാണ്ട് 12 മിനുട്ട് നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷം പുലി ചത്തെങ്കിലും പ്രവേഷിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

രാവിലെ ഏഴുമണിയോടെ പാല്‍ വാങ്ങാനായി സ്വന്തം കൃഷിയിടത്തിലൂടെ പോവുകയായിരുന്നു പ്രവേഷ്. പെട്ടെന്ന് ഏതാണ്ട് ഒരു വയസ് പ്രായം വരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പുലി ഇന്ന് പുലര്‍ച്ചെ മറ്റൊരാളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാഴിക്കാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നും പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവസ്ഥലം സന്ദര്‍ശിച്ച ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ രാജ്കുമാര്‍ ശര്‍മ്മ പരിക്കേറ്റ യുവാവിന് 5,000 രൂപ അടിയന്തര ധനസഹായം കൈമാറി. സാധാരണയായി രാത്രികാലങ്ങളിലാണ് പുലി ഇറങ്ങാറുള്ളത്. എന്നാല്‍ പുലര്‍ച്ചെ തന്നെ ജനവാസ മേഖലയില്‍ എത്തിയത് വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിമാചല്‍ പ്രദേശില്‍ വന്യജീവി ആക്രമണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാണ്ഡി ജില്ലയില്‍ പുലിയുടെ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പുലിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.