ഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ആഗോള വിമാന ഗതാഗതവും സുരക്ഷാ ക്രമീകരണങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക്. യുഎഇ അധികൃതരുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യയും ഇൻഡിഗോയും ഇന്ന് നടത്താനിരുന്ന എല്ലാ യുഎഇ സർവീസുകളും അടിയന്തരമായി റദ്ദാക്കി. ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളും മേഖലയിലെ ഡ്രോൺ ആക്രമണങ്ങളും സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.

യുഎഇയിലേക്കുള്ള സർവീസുകൾ പെട്ടെന്ന് റദ്ദാക്കിയ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും തീരുമാനം പ്രവാസികളെയും മറ്റ് യാത്രക്കാരെയും വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മാർച്ച് 28 വരെ പല സ്ഥിരം സർവീസുകളും നേരത്തെ റദ്ദാക്കിയിരുന്നുവെങ്കിലും പിന്നീട് ആരംഭിച്ച താൽക്കാലിക സർവീസുകളാണ് ഇപ്പോൾ അപ്രതീക്ഷിതമായി നിർത്തിവെച്ചത്. എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായ വിശദീകരണം വിമാന കമ്പനികൾ ഇതുവരെ നൽകിയിട്ടില്ല.

മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സംഘർഷം പടരുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇതിനിടെ, സൗദി അറേബ്യയിലെ അൽ ഖർജിൽ ജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാൽ ഉടൻ വീടുകളിൽ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഒരു സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.