മുംബൈ: പ്രശ്‌ന പരിഹാരം തേടി എത്തിയ സ്ത്രീകളെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അശോക് ഖരാട്ടും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാദം. രൂപാലി ജ്യോത്സ്യന്റെ പാദപൂജ ചെയ്യുന്നതും കുട പിടിച്ചു നല്‍കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെ ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ രൂപാലി ചക്കങ്കറുടെ രാജി ആവശ്യപ്പെട്ട് വിിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ രംഗത്തെത്തി.

മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായി വിരമിച്ച ജ്യോത്സ്യന്‍ അശോക് ഖരാട്ടിനെ ബുധനാഴ്ചയാണ് നാസിക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിധോനയില്‍ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ അടക്കം 58 വിഡിയോകള്‍ പൊലീസ് കണ്ടെടുത്തു. സ്വാധീനം ഉപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുകയും ആത്മീയ ചടങ്ങുകളുടെ മറവില്‍ പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് പുറമെ അന്ധവിശ്വാസ നിരോധന നിയമപ്രകാരവും അശോകിനെതിരെ കേസെടുത്തിട്ടുണ്ട്.

ജ്യോത്സ്യനായി ചമഞ്ഞ് 35 വയസ്സുകാരിയെ മൂന്ന് വര്‍ഷത്തിലേറെയായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ നീച പ്രവര്‍ത്തികള്‍ പുറത്തായത്. അശോകിന്റെ ട്രസ്റ്റുമായി രൂപാലി ചക്കങ്കര്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം അറിയിച്ചു. അശോകിനൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കുന്ന രൂപാലി ചക്കങ്കറുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം അശോക് ഖരാട്ടുമായുള്ള തന്റെ പരിചയം പരിമിതമാണെന്നും അയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് രൂപാലി ചക്കങ്കറുടെ വിശദീകരണം.