മുംബൈ: മുന്നറിയിപ്പ് നല്‍കാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒറാക്കിള്‍. ബുധനാഴ്ച പുലര്‍ച്ചെ ആറു മണിക്ക് ആഗോളതലത്തില്‍ വലിയൊരുഭാഗം ജീവനക്കാര്‍ക്ക് കമ്പനിയുടെ വക പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. ഇന്ത്യയില്‍ 12,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് വിവരം. ആഗോളതലത്തില്‍ 30,000 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. മെയില്‍ കണ്ട ജീവനക്കാരെല്ലാം ഞെട്ടി. ചൊവ്വാഴ്ച വരെ ജോലി ചെയ്തിരുന്ന സ്ഫാപനമാണ് ബുധനാഴ്ച രാവിലെ മുതല്‍ ജോലി ഇല്ല എന്ന് അറിയിച്ചത്.

അതേസമയം പിരിച്ചുവിടല്‍ ഇതുകൊണ്ട് അവസാനിക്കില്ലെന്നും ഒരു മാസത്തിനകം കൂടുതല്‍ പേരെ ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ചൊവ്വാഴ്ച നിങ്ങളുടെ അവസാന പ്രവര്‍ത്തിദിനമായിരുന്നുവെന്നും കമ്പനിക്കായി നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും കാണിച്ചാണ് പുലര്‍ച്ചെ ആറു മണിയോടെ ജീവനക്കാര്‍ക്ക് ഇ-മെയിലില്‍ സന്ദേശമെത്തിയിരിക്കുന്നത്. നടപടി ഉടന്‍ പ്രാബല്യത്തിലാകുന്നതായും അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടുന്നതു സംബന്ധിച്ച് മുന്‍പ് ഒരു സൂചനപോലും ലഭിച്ചിരുന്നില്ലെന്ന് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച ജീവനക്കാര്‍ പറയുന്നു.

ഇന്ത്യയില്‍ 12,000 പേരെ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയില്‍ 30,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലെ ഡിവലപ്‌മെന്റ് സെന്ററുകളിലാണ് പിരിച്ചുവിടല്‍ കൂടുതലായി ബാധിച്ചിട്ടുള്ളത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ലാറി എലിസണിന്റെ കമ്പനിയാണിത്. അടുത്തിടെയായി എ.ഐ.യില്‍ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തി വരുകയായിരുന്നു.